2004ല്‍ ബിഎ, 2014ല്‍ ബികോം,2019ല്‍ ബിരുദമേയില്ല; ഇതാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ സ്മൃതി ഇറാനിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതിയും നല്‍കി
സ്മൃതി ഇറാനി 2019ല്‍ നല്‍കിയ സത്യവാങ്മൂലം
ന്യൂഡല്‍ഹി: ഒരു കള്ളം പറഞ്ഞാല്‍ അതിനെ മറയ്ക്കാന്‍ നൂറു കളവ് പറയേണ്ടിവരുമെന്നാണ് ആപ്തവാക്യം. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അത്തരമൊരു ഗതികേടിലാണ്. ബിരുദധാരിയെന്നു കള്ളംപറഞ്ഞ് ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ് മോദി സര്‍ക്കാരിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി. 2004ല്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ഛൗക്കില്‍ നിന്ന് കപില്‍ സിബലിനെതിരേ മല്‍സരിക്കുമ്പോള്‍ ബിഎ ബിരുദധാരിയെന്നു പറഞ്ഞ മുന്‍ സീരിയല്‍ നടി കൂടിയായ സ്മൃതി 2014ല്‍ അമേത്തിയില്‍ രാഹില്‍ ഗാന്ധിക്കെതിരേ മല്‍സരിക്കുമ്പോഴേക്കും ബികോം ബിരുദധാരിയായി. ഇപ്പോള്‍ വീണ്ടും അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത് തനിക്ക് ബിരുദമേയില്ലെന്നാണ്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മല്‍സരിക്കുന്ന സ്മൃതി ഇറാനി കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും നല്‍കിയ സത്യവാങ്മൂലത്തില്‍ വൈരുധ്യങ്ങളേറെയാണ്.
സ്മൃതി ഇറാനി 2004ല്‍ നല്‍കിയ സത്യവാങ്മൂലം
2014ലെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത് 1994ല്‍ സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ് ഒന്നാംപാര്‍ട്ടായി ബികോം ബിരുദം നേടിയെന്നാണ്. ഏതാണ് സര്‍വകലാശാലയെന്ന് പറഞ്ഞില്ല. എന്നാല്‍, അതേവര്‍ഷം ആഗസ്തില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞത് അമേരിക്കയിലെ പ്രശസ്തമായ യേല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡിഗ്രി പൂര്‍ത്തിയാക്കിയതെന്നാണ്. 2014ലെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയതാവട്ടെ 1996ല്‍ ആര്‍ട്‌സില്‍ ബിരുദം(ബിഎ) പൂര്‍ത്തിയാക്കിയെന്നാണ്. വര്‍ഷവും കോഴ്‌സുമെല്ലാം മാറി. ഇപ്പോള്‍ 2019 ആയപ്പോഴേക്കും പറഞ്ഞതു നോക്കൂ-1991ല്‍ സെക്കന്‍ഡറി പഠനവും 1993ല്‍ സീനിയര്‍ സെക്കന്‍ഡറി പഠനവും പൂര്‍ത്തിയാക്കിയെന്നാണ്. മാത്രമല്ല, 1994ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു വിദൂര വിദ്യാഭ്യാസ വകുപ്പ് വഴി 1994ല്‍ മൂന്നുവര്‍ഷത്തെ കൊമേഴ്‌സ് ബിരുദത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ലത്രേ. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ സ്മൃതി ഇറാനിക്ക് ബിരുദമില്ല, വെറും പ്രീഡിഗ്രി മാത്രമാണ് യോഗ്യത. ഇനി അടുത്ത തവണയാവുമ്പോഴേക്കും എസ്എസ്എല്‍സിയായി ചുരുങ്ങുമോയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ പരിഹാസം.
സ്മൃതി ഇറാനി 2014ല്‍ നല്‍കിയ സത്യവാങ്മൂലം
കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്യേണ്ട കാബിനറ്റ് മന്ത്രിക്ക് ബിരുദംപോലുമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അതിനെ തള്ളുകയായിരുന്നു.ഇപ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കിയതോടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ സ്മൃതി ഇറാനിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതിയും നല്‍കി.