ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരേ കള്ളവോട്ട് ആരോപണവുമായി ബിജെപി മുന്‍മന്ത്രി
ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകളെ വനിതാ ഓഫിസര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതെന്ന് അഡീഷനല്‍ ചീഫ് തിരഞ്ഞെടുപ്പ് ഓഫിസര്‍ ബി ആര്‍ തിവാരി പറഞ്ഞു. ബിജെപി നേതാവ് ഇത്തരം വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാണെന്നും രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങ് പറഞ്ഞു.
മുസാഫര്‍നഗര്‍(യുപി): മുസാഫര്‍ നഗര്‍ മണ്ഡലത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ മുസ്‌ലിം സ്ത്രീകള്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ സഞ്ജീവ് ബലിയാന്‍. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകളെ പോളിങ് ഓഫിസര്‍മാര്‍ പരിശോധിച്ചില്ലെന്നും നിരവധി പേര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി ആരോപിച്ചു. മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും സഞ്ജീവ് ബലിയാന്‍ ആവശ്യപ്പെട്ടു.
അതേസമയം, ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകളെ വനിതാ ഓഫിസര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതെന്ന് അഡീഷനല്‍ ചീഫ് തിരഞ്ഞെടുപ്പ് ഓഫിസര്‍ ബി ആര്‍ തിവാരി പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടില്ലെന്നും ബിജെപി നേതാവ് ഇത്തരം വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാണെന്നും രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങ് പറഞ്ഞു.
2013ലെ വര്‍ഗീയ കലാപത്തിന് ശേഷം സാമുദായികമായി വിഭജിക്കപ്പെട്ട മണ്ഡലമാണ് മുസാഫര്‍ നഗര്‍. മണ്ഡലത്തില്‍ മുസ്‌ലിംകളാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ദലിതുകള്‍ രണ്ടാംസ്ഥാനത്തുള്ള മണ്ഡലത്തില്‍ ജാട്ട് വിഭാഗത്തിനും സ്വാധീനമുണ്ട്.