ബാബരി പരാമര്‍ശം: പ്രജ്ഞാ സിങിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
അതേസമയം, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടിസ് ലഭിച്ചശേഷവും പ്രജ്ഞാ സിങ് പ്രതികരിച്ചു. അവിടെ ഞാന്‍ പോയിരുന്നു. കെട്ടിടം തകര്‍ത്തതു ഞാനാണ്. അവിടെ രാമക്ഷേത്ര നിര്‍മാണത്തിനു സഹായിക്കുകയും ചെയ്യും. അതു ചെയ്യുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രജ്ഞാ സിങ് ആവര്‍ത്തിച്ചു.
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കൊപ്പമാണ് താനെന്നും അതില്‍ അഭിമാനിക്കുന്നുവെന്നുമുള്ള പരാമര്‍ശത്തിനു ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രജ്ഞാ സിങ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ഇത് രണ്ടാം തവണയാണ് പ്രജ്ഞാ സിങിന് കമ്മിഷന്റെ നോട്ടിസ് ലഭിക്കുന്നത്. നോട്ടിസ് ലഭിച്ച കാര്യം പ്രജ്ഞാ സിങ് സ്ഥിരീകരിച്ചു. സ്വകാര്യ ടി വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ യാതൊരു ഖേദവുമില്ലെന്നും കെട്ടിടത്തിനു മുകളില്‍ കയറി അത് തകര്‍ത്തപ്പോള്‍ ദൈവം എനിക്ക് ഈ അവസരം നല്‍കിയതില്‍ അഭിമാനിക്കുകയാണു ചെയ്തതെന്നുമായിരുന്നു പരാമര്‍ശം. അവിടെ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേസമയം, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടിസ് ലഭിച്ചശേഷവും പ്രജ്ഞാ സിങ് പ്രതികരിച്ചു. അവിടെ ഞാന്‍ പോയിരുന്നു. കെട്ടിടം തകര്‍ത്തതു ഞാനാണ്. അവിടെ രാമക്ഷേത്ര നിര്‍മാണത്തിനു സഹായിക്കുകയും ചെയ്യും. അതു ചെയ്യുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രജ്ഞാ സിങ് ആവര്‍ത്തിച്ചു.
നേരത്തേ, മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയെ അപമാനിച്ച് പ്രജ്ഞാ സിങ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കര്‍ക്കരെയ്ക്കു ലഭിച്ചത് കര്‍മഫലമാണെന്ന പരാമര്‍ശത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി രക്തസാക്ഷികളെ അപമാനിക്കുകയാണെന്നു പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയപ്പോള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് ബിജെപി കൈവിട്ടതോടെ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാസിങ് മാപ്പു പറഞ്ഞിരുന്നു. ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ യുഎപിഎ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിരുന്ന പ്രജ്ഞാസിങ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.