തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിനു ഭീഷണി;പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്
അതേസമയം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്റെ പരാതിയില്‍ എ കെ സ്വപ്നക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്
പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിനു തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. എല്‍ഡിഎഫ് കാസര്‍കോഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമനും സംഘവും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് കുഞ്ഞിമംഗലം തലായില്‍ താമസിക്കുന്ന എ കെ സ്വപ്ന നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ പ്രസിഡന്റ് എം കുഞ്ഞിരാമനു പുറമെ എല്‍ഡിഎഫ് പ്രവര്‍ത്തകരായ വിജയന്‍, മണി, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാത്തതിനും തന്നെ തടഞ്ഞ് നിര്‍ത്തി ജീവിക്കാന്‍ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്റെ പരാതിയില്‍ എ കെ സ്വപ്നക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. വോട്ടഭ്യര്‍ഥിച്ച് സ്വപ്നയുടെ വീട്ടിലെത്തിയപ്പോള്‍ അസഭ്യം പറയുതയും പഞ്ചായത്ത് പ്രസിഡന്റായ തന്നെ സമൂഹ മധ്യത്തില്‍ അപമാനിച്ചെന്നുമാണ് പ്രസിഡന്റിന്റെ പരാതി.