പഞ്ചസാര മില്ലുകളുടെ ഓഹരി വില്‍പന: മായാവതിക്കെതിരേ സിബിഐ അന്വേഷണം
മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 21 പഞ്ചസാര മില്ലുകളിലെ ഓഹരി വിറ്റഴിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്
ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം തുടങ്ങി. മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 21 പഞ്ചസാര മില്ലുകളിലെ ഓഹരി വിറ്റഴിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. 2013ലെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഖജനാവിന് 1,179 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. മില്ലുകളുടെ ഓഹരി വില്‍പനയില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഏപ്രില്‍ 12ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ആറ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പേരുകളില്‍ കുറ്റം ചുമത്തിയിട്ടില്ല. വ്യാജരേഖ ചമച്ചതിനും വഞ്ചനാ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഷുഗര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 21 പഞ്ചസാര മില്ലുകള്‍ വില്‍പന നടത്തിയതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വേട്ടയാടാന്‍ ഫെഡറല്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്തതായും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാമചല്‍ രാജ്ഭര്‍ പറഞ്ഞു. ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യം പ്രഖ്യാപിച്ചിരുന്നു.