മതേതരത്വം പറയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ധാര്‍മികാവകാശമില്ല: അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്
ഏഴുശതമാനം വോട്ടുള്ള കോണ്‍ഗ്രസ് 70 സീറ്റില്‍ തനിച്ച് മല്‍സരിക്കുക വഴി ബിജെപിയെ സഹായിക്കുകയാണ്
കണ്ണൂര്‍: ബിജെപിക്ക് ജയസാധ്യത പറയുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും വോട്ട് ഭിന്നിപ്പിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും മതേതരത്വത്തെ കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ലെന്നു എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടലിപേട്ട്. കണ്ണൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കണ്ണൂര്‍ സിറ്റിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ മല്‍സരിച്ചാല്‍ വോട്ട് ഭിന്നിക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് 100 മണ്ഡലത്തിലാണ് തനിച്ച് മല്‍സരിച്ച് ബിജെപിയെ സഹായിക്കുന്നത്. രേഖകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. യുപിയില്‍ ആകെയുള്ള 80 മണ്ഡലത്തില്‍ 2014ല്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ആകെ ലഭിച്ചത് 7 ശതമാനം വോട്ടാണ്. കാലങ്ങളായി ഭിന്നിച്ചുനില്‍ക്കുന്ന എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒത്തുചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ല. മഹാസഖ്യത്തിന് ആകെ 51 ശതമാനം പിന്തുണയുണ്ട്. ബിജെപിക്കാവട്ടെ 42 ശതമാനമാണുള്ളത്. വെറും ഏഴുശതമാനം വോട്ടുള്ള കോണ്‍ഗ്രസ് 70 സീറ്റില്‍ തനിച്ച് മല്‍സരിക്കുക വഴി ബിജെപിയെ സഹായിക്കുകയാണ്. യുപിയില്‍ മാത്രമല്ല, ഡല്‍ഹിയിലും എല്ലായിടത്തും കോണ്‍ഗ്രസിനു ഇരട്ടത്താപ്പാണ്. എന്തിനാണ് യുപിയില്‍ തനിച്ച് മല്‍സരിച്ച് വോട്ട് ഭിന്നിപ്പിക്കുന്നതെന്നു നേതാക്കളോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കണം. കര്‍ണാടകയിലെ 28 മണ്ഡലത്തില്‍ മംഗലാപുരത്ത് മാത്രമാണ് എസ്ഡിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ ഒന്നര ലക്ഷം വോട്ടിനാണ് ബിജെപി ജയിച്ചത്. അവിടെ കോണ്‍ഗ്രസും ബിജെപിയും രണ്ടല്ല, ഒന്നാണ് എന്നു തിരിച്ചറിഞ്ഞാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. ആറുമാസം മുമ്പ് പാര്‍ട്ടി രാജ്യത്തെ മൊത്തം മണ്ഡലങ്ങളെ കുറിച്ചു പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആകെ 15 സീറ്റുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്‌ലിംലീഗുമൊന്നും സുപ്രധാന വിഷയങ്ങളില്‍ മുസ്‌ലിം-ദലിത് പക്ഷത്തോടൊപ്പം നില്‍ക്കാറില്ല. സുപ്രധാനമായ മുത്ത്വലാഖ് ബില്ല് പാസ്സാക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ മലപ്പുറത്തെ എംപി പാര്‍ലിമെന്റില്‍ പോവാതെ ബിരിയാണി തിന്നാനാണു പോയത്. മുസ്‌ലിംകളുടെയും ദലിതുകളുടെയും ഉന്നമനത്തിന് ഇത്തരക്കാരെ കാത്തുനില്‍ക്കാതെ എസ്ഡിപിഐയെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാവണം. അസമില്‍ മുസ്‌ലിം കുടുംബത്തെ ബീഫ് വില്‍പന ആരോപിച്ച് ഹിന്ദുത്വര്‍ ആക്രമിച്ചപ്പോള്‍ അവിടെയെത്തിയത് എസ്ഡിപിഐയാണ്. ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ ബിജെപി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചപ്പോള്‍ ആദ്യം പോലിസ് കേസെടുത്തില്ല. അപ്പോഴാണ് എസ്ഡിപിഐ നേതാക്കള്‍ അവിടെയെത്തിയത്. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുമെന്ന് പറഞ്ഞപ്പോള്‍ പിറ്റേന്നു തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ആക്രമിച്ചപ്പോഴും അവരോടൊപ്പം ഉണ്ടായത് എസ്ഡിപിഐയാണ്. ഒരൊറ്റ കോണ്‍ഗ്രസുകാരനെയും അവിടെ കണ്ടിരുന്നില്ല. 70 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസും ബിജെപിയുമെല്ലാം കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിച്ചത്. 50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് അവസാനം മുസ്‌ലിംകളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചു. റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുസ്‌ലിംകള്‍ ദലിതുകളേക്കാള്‍ പിന്നിലാണെന്നു വ്യക്തമായിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല. പശ്ചിമ ബംഗാളിലും ത്രിപുരയിലും വര്‍ഷങ്ങളോളം ഭരിച്ച കമ്മ്യൂണിസ്റ്റുകാരും അവഗണിക്കുകയായിരുന്നു. എന്നാല്‍ ജയിച്ചാലും തോറ്റാലും മരണം വരെ ജനങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുണ്ടാവുമെന്ന് അബ്ദുല്‍ മജീദ് കൊടലിപേട്ട് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം ഹാറൂണ്‍ കടവത്തൂര്‍, ബി ശംസുദ്ദീന്‍ മൗലവി, ബി ഹാഷിം, പി കെ ഇഖ്ബാല്‍, കെ ജാസിര്‍ സംസാരിച്ചു.