മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; ഉദുമയില്‍ യുഡിഎഫിന്റെ ബൂത്തുപിടിത്തം
വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു(വീഡിയോ)
കണ്ണൂര്‍: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടവെ, കേരളത്തില്‍ വീണ്ടും കള്ളവോട്ട് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തി. ധര്‍മ്മടത്തെ 52ാം നമ്പര്‍ ബൂത്തില്‍ ഏജന്റായിരുന്ന സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവര്‍ത്തകന്‍ ചെയ്തതെന്നാണ് ആരോപണം. കുന്നിരിക്കയിലെ 52ാം ബൂത്തിലെത്തി വോട്ട് ചെയ്തത് അഞ്ചരക്കണ്ടിയിലെ സിപിഎം പ്രവര്‍ത്തകന്‍ സായൂജാണെന്നാണ് യുഡിഎഫ് ആരോപണം. 47ാം നമ്പര്‍ ബൂത്തായ കല്ലായി സ്‌കൂളിലെ 188 നമ്പര്‍ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്‌കൂളിലെ 52ാം ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിങ് ഏജന്റും മുന്‍ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രന്‍ അത്തിക്കയുടെ മകന്‍ അഖില്‍ അത്തിക്കയുടെ വോട്ടും. യുഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തെങ്കിലും കള്ളവോട്ട് തടയാനായില്ല. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ കള്ളവോട്ടിന് അനുമതി നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
അതിനിടെ, കാസര്‍കോട് മണ്ഡലത്തില്‍പെട്ട ഉദുമയില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ബൂത്തുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രിസൈഡിങ് ഓഫിസറെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. മുസ്‌ലിം ലീഗ് നേതാവ് സിദ്ദിഖ് പ്രിസൈഡിങ് ഓഫിസറോട് തട്ടിക്കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തളിപ്പറമ്പ് മണ്ഡലത്തിലെ 171ാം ബൂത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്‌തെന്നും ആരോപണമുണ്ട്. ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172ാം നമ്പര്‍ ബൂത്തില്‍ 25 കള്ളവോട്ടുകള്‍ ചെയ്‌തെന്നാണ് ആരോപണം. കണ്ണൂര്‍ മണ്ഡലത്തിലെ 118ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെ യുഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി പോലിസിലേല്‍പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അമേരിക്കയിലുള്ള മിഥുന്‍ ഗൗതം എന്ന വിദ്യാര്‍ഥിയുടെ വോട്ട് തായത്തെരു സ്വദേശി റംസീല്‍ ചെയ്‌തെന്നാണ് ആക്ഷേപം. പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്തയാളെ പോലിസ് വെറുതെവിടാന്‍ കാരണമെന്ന് യുഡിഎഫ് പോളിങ് ഏജന്റ് അഡ്വ. പി ഇന്ദിര ആരോപിച്ചു.