കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡറായ രാഹുല്‍ ദ്രാവിഡിനു വോട്ടില്ല
ന്ദിരാനഗറിലെ താമസക്കാരനായിരുന്ന ദ്രാവിഡ് മല്ലേശ്വരത്തേക്കു താമസം മാറിപ്പോള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്റെ മണ്ഡലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ് അപേക്ഷ നല്‍കാതിരുന്നതാണ് നീക്കം ചെയ്യാന്‍ കാരണം
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡറുമായ രാഹുല്‍ ദ്രാവിഡിന്റെ പോര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. ഇന്ദിരാനഗറിലെ താമസക്കാരനായിരുന്ന ദ്രാവിഡ് മല്ലേശ്വരത്തേക്കു താമസം മാറിപ്പോള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്റെ മണ്ഡലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ് അപേക്ഷ നല്‍കാതിരുന്നതാണ് നീക്കം ചെയ്യാന്‍ കാരണം. അപേക്ഷ നല്‍കേണ്ട സമയം ദ്രാവിഡ് വിദേശത്തായിരുന്നതിനാലാണ് പേര് ചേര്‍ക്കാന്‍ കഴിയാതിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കുന്ന രാഹുല്‍ ദ്രാവിഡ് പറയുന്ന വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള സ്ഥലമാണ് ദ്രാവിഡ് താമസിച്ചിരുന്ന ഇന്ദിരാ നഗര്‍. ഇപ്പോള്‍ താമസിക്കുന്ന മല്ലേശ്വരം ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലാണ്. താമസം മാറ്റിയതോടെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ദ്രാവിഡിന്റെ പേര് നീക്കം ചെയ്യാന്‍ അദ്ദേഹത്തിന്റെ സഹോദരനാണ് അപേക്ഷ നല്‍കിയത്. പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൂന്നുതവണ ദ്രാവിഡിന്റെ വീട്ടില്‍ വെരിഫിക്കേഷനു വേണ്ടി പോയിരുന്നെങ്കിലും അവിടെയുണ്ടായിരുന്നില്ല. മാര്‍ച്ച് 16ന് കാലാവധി അവസാനിച്ച ശേഷമാണ് ദ്രാവിഡ് വിദേശത്തുനിന്നു തിരിച്ചെത്തിയത്. ഇതോടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.