'ഞാന്‍ മോദിയെപ്പോലെ ദിവസവും മുഖം വാക്‌സ് ചെയ്യാറില്ല', ബിജെപി നേതാവിന്റെ കറുത്ത എരുമ പരാമര്‍ശത്തിനെതിരേ കുമാരസ്വാമി
'മോദി വെളുപ്പാണ്, എച്ച് ഡി കുമാരസ്വാമി കറുത്തവനും, പത്തു തവണ കുളിച്ചാലും അയാള്‍ എരുമയെപ്പോലിരിക്കും' എന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തോട് വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ തയ്യാറായില്ല.
മുന്‍ ബിജെപി എംഎല്‍എ രാജു കഗെയുടെ വംശീയ അധിക്ഷേപത്തിനെതിരേ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കറുത്ത എരുമ എന്ന് തന്നെ വിശേഷിപ്പിച്ചതിനെതിരേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 'ഞാന്‍ ദിവസം 20 തവണ കുളിച്ചാലും കറുത്ത എരുമയുടെ പോലുള്ള എന്റെ നിറം മാറുകില്ലെന്ന് ബിജെപിക്കാര്‍ പറയുന്നു. ശരിയാണ് ഞാന്‍ മോദിയെപ്പോലെ ദിവസവും മുഖം വാക്‌സ് ചെയ്തല്ല വരുന്നത്. ഞാന്‍ പാവങ്ങളോടൊപ്പമാണ് ജീവിക്കുന്നത്. അവരെ തൊട്ട ശേഷം ഞാന്‍ കൈകഴുകാറുമില്ല' മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ശിവമോഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ചിക്കോടിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് രാജു കഗെ കുമാരസ്വാമിക്കെതിരേ വംശീയ പരാമര്‍ശം നടത്തിയത്. 'മോദി വെളുപ്പാണ്, എച്ച് ഡി കുമാരസ്വാമി കറുത്തവനും, പത്തു തവണ കുളിച്ചാലും അയാള്‍ എരുമയെപ്പോലിരിക്കും' എന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തോട് വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ തയ്യാറായില്ല.