ദീപം തെളിയിക്കല്‍: ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം: കുമാരസ്വാമി

ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം.

Update: 2020-04-05 06:08 GMT

ബംഗളൂരു: ഇന്നുരാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഡിഎസ് നേതാവ് കുമാരസ്വാമി. രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.

ഏപ്രില്‍ ആറിന് സ്ഥാപകദിനം ആഘോഷിക്കാന്‍ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാര്‍ട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം. ഇക്കാര്യത്തില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നുവെന്ന് കുമാരസ്വാമി ട്വീറ്റില്‍ കുറിച്ചു.

ഡോക്ടര്‍മാര്‍ക്കും മറ്റും വ്യക്തിസുരക്ഷിത്വത്തിനുള്ള ഉപകരണങ്ങള്‍ നല്‍കാനോ സാധാരണക്കാരന് താങ്ങാനാവുന്ന വിധത്തില്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണയെ നേരിടാന്‍ എന്ത് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയാതെ ഇതിനകം തളര്‍ന്നുപോയ ഒരു ജനതയെക്കൊണ്ട് അര്‍ത്ഥമില്ലാത്ത ജോലികള്‍ ചെയ്യിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

Tags:    

Similar News