മാണ്ഡ്യയില്‍ മകനെതിരേയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തേടില്ലെന്ന് കുമാരസ്വാമി

സുമലതക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു

Update: 2019-03-22 12:27 GMT

ബംഗളൂരു: മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ രംഗത്തുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തേടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ നിഖിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയം ഉറപ്പിക്കാന്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ക്ക് സാധിക്കും. മാണ്ഡ്യയില്‍ ചില നേതാക്കള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. അവരോട് സംസാരിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ പത്‌നിയും ചലച്ചിത്ര താരവുമായ സുമലത മാണ്ഡ്യ മണ്ഡലത്തില്‍ നിഖിലിനെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സാഹചര്യത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം. സുമലതക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

    അംബരീഷിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ സുമലതയെ മല്‍സരിപ്പിക്കണമെന്നാണു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും അംബരീഷ് അനുയായികളുടെയും ആവശ്യം. എന്നാല്‍, സഖ്യകക്ഷിയായ ജെഡിഎസിന് കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ സുമലതക്ക് മൈസൂര്‍ സീറ്റ് നല്‍കാമെന്നും മാണ്ഡ്യ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. മാണ്ഡ്യ ജെഡിഎസിന് കോണ്‍ഗ്രസ് വിട്ടുനല്‍കി സുമലതയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.




Tags:    

Similar News