മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നടപടി തുടങ്ങി; ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി

മകനെ തോല്‍പിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ചക്രവ്യൂഹം തീര്‍ത്തിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു

Update: 2019-04-12 14:27 GMT

ബെംഗളൂരു: രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മുന്നണി സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ തദ്സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് പുറത്താക്കി. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും ചലച്ചിത്രതാരവുമായ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. ഇവിടെ, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലാണ് ജനവിധി തേടുന്നത്. എന്നാല്‍, നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സുമലതയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് നേരത്തേ ചര്‍ച്ചയായിരുന്നു. മകനെ തോല്‍പിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ചക്രവ്യൂഹം തീര്‍ത്തിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

    നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിലാവുകയും ഭരണം പിടിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പിന്തുണയ്ക്കുന്നത്. എന്നാല്‍, സീറ്റ് നിഷേധിച്ചതോടെ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തി. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ സുമലതയെ പിന്തുണയ്ക്കുകയും ചെയ്തു. നല്ലൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും സുമലതയ്ക്കു വേണ്ടി പരസ്യമായി വോട്ട് പിടിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നിഖിലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏതാനും നേതാക്കളും പ്രവര്‍ത്തകരും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് പതാകയേന്തി സുമലതയ്ക്കു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സംസ്ഥാന ഭരണത്തിനു തന്നെ വിള്ളലുണ്ടാക്കിയേക്കാവുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ പിടിവിട്ടു പോവുകയും ജെഡിഎസ് കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടാവുമെന്നും മുന്‍കൂട്ടി കണ്ടാണ് കടുത്ത നടപടിയുമായി രംഗത്തെത്തിയത്.




Tags:    

Similar News