ഫാഷിസത്തെ പുറത്താക്കുന്നതിനൊപ്പം ജനങ്ങളുടെ ബദല്‍ ഉയര്‍ന്നുവരണം: എം കെ ഫൈസി
എസ്ഡിപിഐ പാലക്കാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തെ പുറത്താക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ജനപക്ഷ ബദല്‍ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുക കൂടി അനിവാര്യമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എസ്ഡിപിഐ പാലക്കാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമോ വേണ്ടയോ എന്ന സുപ്രധാനമായ തീരുമാനത്തിന്റെ വിധിയെഴുത്ത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ ജനതയ്ക്കു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് പൊതുതിരഞ്ഞെടുപ്പ്. അവധാനതയോടെ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കാന്‍ പൗരന്മാര്‍ക്കു കഴിയണം. ക്ഷേമം, സാമ്പത്തിക സുസ്ഥിരത, മതസൗഹാര്‍ദ്ദം, ജീവിതസുരക്ഷ,രാജ്യരക്ഷ തുടങ്ങി സര്‍വതും തകര്‍ന്നുകിടക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും അപകടകരമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യമാണ് രാജ്യത്തുള്ളത്. ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈപൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. വളരെ ഗൗരവത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ ഇന്ത്യന്‍ ജനത കാണുന്നത്. നരേന്ദ്ര മോദിയുടെ നേത്യത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാറിനെതിരേ ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കോ പ്രഖ്യാപിത മതേതര കക്ഷികള്‍ക്കോ പരിപാടികളില്ലെന്നത് നിരാശയുണ്ടാക്കുന്നു. രാഷ്ട്രീയ തര്‍ക്കങ്ങളും അധികാരം പിടിവലിയും മാത്രമാണ് അക്കൂട്ടരുടെ അജണ്ട. ഒരു ജനകീയ ബദല്‍ പകരമില്ലെന്ന സാഹചര്യമാണ് ഇക്കൂട്ടര്‍ക്കുള്ള പ്രചോദനം. കോണ്‍ഗ്രസിനെ പോലെ തന്നെ ഇടതുപക്ഷവും മാഫിയാരാഷ്ട്രീയത്തെയും വര്‍ഗീയ രാഷ്ട്രീയത്തെയും ഉയര്‍ത്തി തന്നെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതിനിടയിലാണ് യഥാര്‍ഥ ബദലുയര്‍ത്തി എസ്‌സിപിഐ രംഗത്തുവരുന്നത്. ഏഴ് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്ത അവധാനതയോടെ വിലയിരുത്തിയാണ് എസ്ഡിപിഐ അതിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ ഒന്നാമത്തെ ദൗത്യം ഫാഷിസത്ത പുറത്താക്കുക എന്നത് തന്നെയായിരിക്കണം. രണ്ടാമതായി ഫാഷിസത്തിനെതിരായ മുന്നണി പരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു ജനകീയബദല്‍ വിജയിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ നമ്മുടെ ഇന്ത്യയെ വീണ്ടെടുക്കാനാവൂ. എസ്ഡിപിഐ രാജ്യത്തുടനീളം നടത്തുന്ന രാഷ്ട്രീയ പോരാട്ടം ആ നിലയ്ക്കുള്ളതാണെന്നും എം കെ ഫൈസി പറഞ്ഞു.
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അധ്യക്ഷത വഹിച്ചു. ബദല്‍ രാഷ്ട്രീയം എന്ന വിഷയം സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, എസ്ഡിപിഐ പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കല്‍, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഫസലുര്‍റഹ്മാന്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരീ എബ്രഹാം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ എസ് കാജാ ഹുസയ്ന്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി അബ്ദുന്നാസിര്‍, കെ ടി അലവി, സക്കീര്‍ ഹുസയ്ന്‍ കൊല്ലങ്കോട്, ശരീഫാ അബൂബക്കര്‍, മജീദ് ഷൊര്‍ണൂര്‍, സഹീര്‍ ബാബു, കെ പി അഷ്‌റഫ് സംസാരിച്ചു.