കൈവശമുള്ളത് 1.76 ലക്ഷം കോടി രൂപ, ലോക ബാങ്കില്‍നിന്നു വായ്പ; തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥിയുടെ ആസ്തി കേട്ട് ഞെട്ടരുത്...!
ചെന്നൈ: കൈവശമുള്ളത് 1.76 ലക്ഷം കോടി രൂപ, നാലു ലക്ഷം കോടിയുടെ കടം, ലോക ബാങ്കില്‍ നിന്നു വരെ വായ്പ... ഏതെങ്കിലും വന്‍കിട വ്യാപാരിയുടെ സാമ്പത്തിക കണക്കാണ് ഇതെന്നു കരുതിയെങ്കില്‍ തെറ്റി. തമിഴ്‌നാട്ടിലെ പേരമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലത്തിലാണ് ഈ കണക്കുള്ളത്. എന്നാല്‍, ഇതുകേട്ട് ഞെട്ടാന്‍ വരട്ടെ. ഭരണകൂടത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ കണക്ക് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തെ ഞെട്ടിച്ച 2 ജി സ്‌പെക്ട്രം അഴിമതിയുടെ കണക്കാണ് കൈവശമുള്ള 1.76 ലക്ഷം കോടിയായി 'വ്യാജ' സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കടമാവട്ടെ തമിഴ്‌നാട് സര്‍ക്കാര്‍ ലോകബാങ്കിനു നല്‍കാനുള്ള തുകയും.
ജെബാമണി ജനതാപാര്‍ട്ടി പ്രതിനിധിയായ ജെ മോഹന്‍രാജ് നല്‍കിയ സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനും റിട്ട. പോലിസ് ഉദ്യോഗസ്ഥനുമായ മോഹന്‍രാജ് ഏപ്രില്‍ 18നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് മല്‍സരിക്കുന്നത്. 2020 ആവുമ്പോഴേക്കും തമിഴ്‌നാടിന്റെ പൊതുകടം 397495.96 കോടിയാവുമെന്ന് കഴിഞ്ഞ ബജറ്റിനിടെ ധനമന്ത്രി വ്യക്തമാക്കിയതാണ് സ്ഥാനാര്‍ഥിയുടെ പൊതുകടമായി നാലു കോടി ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് 67കാരനായ മോഹന്‍രാജ് പറയുന്നത്. 2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ചെന്നൈയില്‍ നിന്ന് മല്‍സരിക്കാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 1977 കോടി നിക്ഷേപമുണ്ടെന്ന് ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ വ്യാജ കണക്കുകള്‍ ഉള്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, നല്ലൊരു രാജ്യത്തിനു വേണ്ടി പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് മോഹന്‍രാജ് പറഞ്ഞു. മോഹന്‍രാജ് പോലിസ് വകുപ്പില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നടത്തുകയായിരുന്നു. 2.50 ലക്ഷം രൂപ വിലമതിക്കുന്ന ഭാര്യയുടെ ആഭരണങ്ങളെയും കൈവശമുള്ള 20000 രൂപയുമാണ്, സ്വന്തമായി വീട് പോലുമില്ലാത്ത രാജ്‌മോഹന്റെ സത്യവാങ്മൂലത്തില്‍ സത്യസന്ധമായി നല്‍കിയ വിവരം.