വൈറസ് പരാമര്‍ശം: യോഗിക്കെതിരേ മുസ്‌ലിംലീഗ് പരാതി നല്‍കും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക
മലപ്പുറം: മുസ്‌ലിം ലീഗിനെ വൈറസെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഇന്ന് പരാതി നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക. ശനിയാഴ്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെ വിമര്‍ശിച്ചുള്ള ട്വീറ്റിലാണ് യോഗി ആദിത്യനാഥ് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ആ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നുമാണ് പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിനു മുമ്പുള്ള മുസ്‌ലിം ലീഗിനെയും ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദികളെന്ന ധ്വനിയും ഉയര്‍ത്തിയാണ് യോഗിയുടെ പരാമര്‍ശം. വൈറസ് പരാമര്‍ശം വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചത്.
അതേസമയം, മുസ്‌ലിം ലീഗിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കാനും സാമുദായിക സ്പര്‍ധ ആളിക്കത്തിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി മനസ്സിലാക്കി നടത്തിയ ആപല്‍ക്കരമായ പ്രസ്താവനയാണിത്. മുസ്‌ലിം ലീഗിനെ ആക്രമിക്കുക വഴി മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കാനാണ് യോഗി ആദിത്യനാഥ് ലക്ഷ്യമിടുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം വളര്‍ത്തുന്ന യോഗി ആദിത്യനാഥിനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തിന് ബാധ്യതയുണ്ട്. സാമൂഹിക രാഷ്ട്രീയ രംഗത്തെ കലുഷിതമാക്കാനുള്ള ഏത് ശ്രമത്തെയും ഇന്ത്യന്‍ ജനത തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.