കമല്‍ഹാസന്‍ മല്‍സരിക്കുമോ...?; ഞായറാഴ്ച അറിയാം
മക്കള്‍ നീതി മയ്യം ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു
ചെന്നൈ: ചലച്ചിത്രതാരം കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ കമല്‍ഹാസന്റെ പേരില്ല. മല്‍സരിക്കുന്ന ബാക്കി 19 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ച കോയമ്പത്തൂരില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കാഡര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും മല്‍സരിക്കുമോ ഇല്ലയോ എന്ന സസ്‌പെന്‍സ് ഞായറാഴ്ചയോടെ അറിയാമെന്നും കമല്‍ഹാസന്‍ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫിസറും പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ മൗര്യ നോര്‍ത്ത് ചെനൈയില്‍ ഡിഎംഡികെയുടെ ആളഗാപുരം മോഹന്‍രാജിനോടും ഡിഎംകെയുടെ കലാനിധി വീരസ്വാമിയോടും ഏറ്റുമുട്ടും. പാര്‍ട്ടിയുടെ ഏക വനിതാ സ്ഥാനാര്‍ഥി, പ്രമുഖ നടന്‍ നാസറിന്റെ ഭാര്യയും പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് അംഗവുമായ കമീലാ നാസര്‍ ചെന്നൈ സെന്‍ട്രലിലാണ് ജനവിധി തേടുക. ഇവിടെ ഡിഎംകെയ്ക്കു വേണ്ടി ദയാനിധി മാരനും പിഎംകെയ്ക്കു വേണ്ടി സാം പോളുമാണ് ജനവിധി തേടുന്നത്. പുതുച്ചേരിയില്‍ ഡോ. എംഎഎസ് സുബ്രഹ്്മണ്യനാണ് സ്ഥാനാര്‍ഥി.