സീതാറാം യെച്ചൂരി വയനാട് മണ്ഡലത്തിൽ പ്രചരണത്തിനെത്തും
18ന് കൽപ്പറ്റയിലും വണ്ടൂരിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം.
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട് മണ്ഡലത്തിൽ പ്രചരണത്തിനെത്തും. ഈ മാസം 18ന് കൽപ്പറ്റയിലും വണ്ടൂരിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതോടെ പ്രചരണ രംഗത്ത് നേടിയെടുത്ത മുന്നേറ്റത്തിന് മങ്ങലേറ്റുവെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെയെത്തിച്ച് രാഹുലിനെതിരെ പ്രചാരണം കടുപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.
കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്ക് എത്തിച്ചതും 2016ൽ വയനാട് പാർലമെന്‍റ് മണ്ഡല പരിധിയിലെ ഏഴിൽ നാല് നിയമസഭാ സീറ്റും നേടിയതും അനുകൂല ഘടകമായി എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിക്ക് പിന്നാലെ മറ്റു ദേശീയ നേതാക്കളും വയനാട്ടിലെത്തും.