ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എന്‍ഡിഎ സഖ്യത്തിലെ കക്ഷികള്‍ മല്‍സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ്(പി സി തോമസും) വിഭാഗവും ജനവിധി തേടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബിജെപിയും വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരള കോണ്‍ഗ്രസു(പി സി തോമസ്)മാണ് മല്‍സരിക്കുക. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കുമെന്നും നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. പലയിടത്തും തര്‍ക്കം തുടരുകയാണ്.