കനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമായിരുന്നു മണ്ണിടിച്ചില്‍. എറണാകുളം- കോട്ടയം സ്‌പെഷ്യല്‍ സര്‍വീസായ വേണാട് എക്‌സ്പ്രസ് ചങ്ങനാശ്ശേരിയില്‍ പിടിച്ചിട്ടു.

Update: 2020-07-29 10:09 GMT

കോട്ടയം: കനത്ത മഴയെതുടര്‍ന്നു കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം റെയില്‍വേ തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ബുധനാഴ്ച രാവിലെയാണ് കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമായിരുന്നു മണ്ണിടിച്ചില്‍. എറണാകുളം- കോട്ടയം സ്‌പെഷ്യല്‍ സര്‍വീസായ വേണാട് എക്‌സ്പ്രസ് ചങ്ങനാശ്ശേരിയില്‍ പിടിച്ചിട്ടു. തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണും കല്ലും മാറ്റുന്നതിനായി ജെസിബി കൊണ്ടുവരാന്‍ സാധിക്കില്ല.

ട്രെയിനുകള്‍ കുറവായതിനാല്‍ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. ജീവനക്കാര്‍ ട്രാക്കില്‍നിന്നും മണ്ണ് നീക്കംചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് മഴ തുരുന്നതിനാല്‍ സമയമെടുത്ത് മാത്രമേ ഇത് നീക്കം ചെയ്യാന്‍ സാധിക്കൂ. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴ തുടരുകയാണ്. ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ആര്‍പ്പൂക്കരയില്‍ ജനവാസകേന്ദ്രത്തിലേക്ക് മണ്ണിടിഞ്ഞു വീണു. വൈക്കം, കുമരകം പോലെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News