ഹിമാചലില്‍ ഉരുള്‍പ്പൊട്ടല്‍; രണ്ടു മരണം; 200 പേര്‍ കുടുങ്ങി കിടക്കുന്നു

റോഡുകള്‍ തുറക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2023-06-26 04:52 GMT

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. പത്തുവീടുകള്‍ ഒലിച്ചു പോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ 200 ഓളംപേര്‍ കുടുങ്ങിക്കിടക്കുകയാണ്.മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാകുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സേളനിലും ഹാമില്‍പുരിലുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കനത്തമഴയെ തുടര്‍ന്ന് ബാഗില്‍പുര്‍ പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. 'മാണ്ഡി ജില്ലയിലെ പ്രഷാര്‍ തടാകത്തിനു സമീപമാണ് ജലനിരപ്പുയര്‍ന്നത്. മാണ്ഡി പ്രഷാര്‍ റോഡില്‍ 200ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.' മാണ്ഡി ഡിഎസ്പി സഞ്ജീവ് സൂഡ് പറഞ്ഞു. ജനങ്ങളെ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രഷാര്‍ കമാന്‍ഡ് റോഡ് അടച്ചു. ചമ്പയില്‍ നിന്നുള്ള ഒരു ബസ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പെന്റോമാണ്ഡി ദേശീയ പാതയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ദേശീയ പാത അടച്ചു. റോഡുകള്‍ തുറക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.




Tags:    

Similar News