ഇഫ്കോയുടെ നാനോ യൂറിയ ലിക്വിഡ് വിപണിയിലേയ്ക്ക്
500 മിലി കുപ്പികളിലാണ് ഇഫ്കോയുടെ നാനോ യൂറിയ ലിക്വിഡ് എത്തുക. ഒരുചാക്ക് യൂറിയയ്ക്ക് തത്തുല്യമാണ് 500 മിലി നാനോ യൂറിയ ലിക്വിഡ് എന്ന് അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് (ഇഫ്കോ) ലോകത്തിലെ പ്രഥമ നാനോ യൂറിയ അവതരിപ്പിച്ചു. 500 മിലി കുപ്പികളിലാണ് ഇഫ്കോയുടെ നാനോ യൂറിയ ലിക്വിഡ് എത്തുക. ഒരുചാക്ക് യൂറിയയ്ക്ക് തത്തുല്യമാണ് 500 മിലി നാനോ യൂറിയ ലിക്വിഡ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
കൃഷികള്‍ക്ക് സുസ്ഥിരവും സമ്പുഷ്ടവുമായ പോഷണം നല്‍കുന്നതാണ് യൂറിയ ലിക്വിഡ്. മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.ഭൂഗര്‍ഭ ജലത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാണ്. ശരാശരി എട്ടുശതമാനം വിള വര്‍ധനയാണ് നാനോ യൂറിയ ലിക്വിഡ് ഉറപ്പു നല്‍കുന്നത്. ചെലവും കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.ചെറിയ കുപ്പി ആയതിനാല്‍ കൊണ്ടു നടക്കാനും കൈകാര്യം ചെയ്യാനും സൗകര്യപ്രദമാണ്. മണ്ണിലെ യൂറിയയുടെ അളവ് പരാമവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം, ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ കൃഷി എന്നീ ആശയങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് പുതിയ ഉല്‍പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കൃഷികള്‍ക്കുള്ള സമീകൃത പോഷകാഹാരമാണ് നാനോ യൂറിയ ലിക്വിഡ് എന്ന് അധികൃതര്‍ അവകാശപ്പെടുന്നു. വിളകള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതോടൊപ്പം കീടങ്ങളില്‍ നിന്ന് സംരക്ഷണവും ഉറപ്പു നല്‍കുന്നു.500 മിലി ഇഫ്കോ നാനോ യൂറിയ ലിക്വിഡിന്റെ വില 240 രൂപയാണ്. ഒരു ചാക്ക് യൂറിയയുടെ വിലയേക്കാള്‍ 10 ശതമാനം കുറവാണിത്. ഖര യൂറിയയുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കാനും കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ 94 വിളകളില്‍ 11000 കൃഷിയിടങ്ങളില്‍ പുതിയ ഉല്പന്നത്തിന്റെ മികവ് പരീക്ഷണങ്ങള്‍ വഴി തെളിയിക്കപ്പെട്ടതാണ്. നാനോ യൂറിയ ലിക്വിഡിനെ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സിസ്റ്റത്തിന്റെ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യവ്യാപകമായി പുതിയ ഉല്‍പന്നം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇഫ്കോ സമഗ്രപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് വിപണന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ്ങ് ചാനല്‍, ഇഫ്കോയുടെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോം ആയ www.iffcobazar.in എന്നിവ വഴി പുതിയ ഉല്‍പ്പന്നം വാങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി.