ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ; രാജസ്ഥാനില്‍ കൂടിയ താപനില 48 ഡിഗ്രിയില്‍
ന്യൂഡല്‍ഹി: ഉത്തരേന്ത്യ ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളുന്നു. ചൊവ്വാഴ്ച വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും കൂടിയ താപനില 45 ഡിഗ്രിയിലേക്കെത്തി. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താപനില 46 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച കൂടിയ താപനില 48 ഡിഗ്രിയിലെത്തിയിരുന്നു.
രാജസ്ഥാനിലെ ബാര്‍മറിലാണ് പരമാവധി താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയത്. ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 29 നഗരങ്ങളിലെങ്കിലും താപനില 44 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. ഈര്‍പ്പം വഹിക്കുന്ന കിഴക്കന്‍ കാറ്റ് ചൂടുള്ളതും വരണ്ടതുമായ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് വഴിമാറുന്നതിനാല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം വ്യാഴാഴ്ച താപനില 44-45 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. ഞായറാഴ്ച കനത്ത ചൂടിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഡല്‍ഹിയില്‍ ഉഷ്ണതരംഗമുണ്ടാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
എന്നാല്‍, അസാനി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ദേശീയ തലസ്ഥാനത്ത് കിഴക്കന്‍ കാറ്റ് നഗരത്തെ പ്രതിരോധിച്ചു. മഴയും ഇടിമിന്നലും ശക്തമായ കാറ്റും കഴിഞ്ഞ ആഴ്ചയിലെ കടുത്ത ചൂടില്‍ നിന്ന് അല്‍പം ആശ്വാസം നല്‍കിയിരുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തുമെന്നും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 15ന് തന്നെ മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ മെയ് 17 വരെ അതിശക്തമായ മഴ ലഭിക്കും. എന്നാല്‍, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും. മെയ് 27ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.