കര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ഹിന്ദുത്വ, ദേശീയത, വികസനം എന്നിവയില്‍ അധിഷ്ഠിതമായ സമാന തന്ത്രങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്.
കര്‍ണാടകയിലെ ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്ന ദിവസം തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നയം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുപി മാതൃകയില്‍ വളരെ സംഘടിതമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ അതിനായി ഉപയോഗിക്കും, 'ജാതി രാഷ്ട്രീയത്തെ ധാര്‍മികമായ രാഷ്ട്രീയത്തിന് പരാജയപ്പെടുത്താന്‍ കഴിയുമെന്നും' ഹിന്ദുത്വ രാഷ്ട്രീയത്തെ ജനങ്ങള്‍ വലിയ രീതിയില്‍ അംഗീകരിച്ചെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ഹിന്ദുത്വ, ദേശീയത, വികസനം എന്നിവയില്‍ അധിഷ്ഠിതമായ സമാന തന്ത്രങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. യുപി തിരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയത്തെ സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിരുന്നു, എന്നാല്‍ നേതാക്കള്‍ തമ്മില്‍ എന്തുതന്നെ ചെയ്താലും, ജാതി അനാവശ്യമായി ഉപയോഗിച്ചാലും, വോട്ടെടുപ്പ് സമയത്ത് മാത്രം ഹിന്ദുത്വം ഉപയോഗിച്ചാലും ആളുകള്‍ വഴങ്ങില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവരെ ജാതികൊണ്ട് വശീകരിക്കാന്‍ കഴിയില്ല അവര്‍ ദേശീയവാദികളാണ്,' ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.
'പല സമുദായങ്ങളും ഞങ്ങളുടെ പ്രത്യയശാസ്ത്രം അംഗീകരിച്ച് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുണ്ട്. ക്ഷമയും കഠിനാധ്വാനവും ഉറച്ച വിശ്വാസവുമാണ് തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് കാരണമായത്. വര്‍ഷങ്ങളോളം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരത്തില്‍ വരാനായില്ല. അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുന്നുണ്ടെന്ന് ബൊമ്മൈ പറഞ്ഞു.
യുപി മാതൃകയില്‍ കൃത്യമായ ധ്രുവീകരണ രാഷ്ട്രീയമാണ് കര്‍ണാടകയില്‍ ബിജെപി പയറ്റുന്നതെന്ന് നിയുക്ത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് സുവ്യക്തമാണ്. ഇതിന്റെ അലയൊലികള്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുവര്‍ഷമായി കര്‍ണ്ണാടകയില്‍ നിന്ന് ഉയരുന്നതും. മുസ്‌ലിം ക്രിസ്ത്യന്‍ വിശ്വാസങ്ങളേയും ആചാരങ്ങളേയും കടന്നാക്രമിക്കുന്നത് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് വിലക്ക്.
ആര്‍എസ്എസും ബിജെപിയും തമ്മില്‍ ഒന്നുമില്ലെന്ന് ഇന്നും ചാനല്‍ ചര്‍ച്ചയില്‍ വന്ന് പറയുന്ന ബിജെപി ആര്‍എസ്എസ് നേതാക്കള്‍ കേരളത്തിലുണ്ട്. യുപിയില്‍ ആയാലും കര്‍ണാടകയില്‍ ആയാലും ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഒരേ രീതിയാണ്. സംഘപരിവാരം ഏറ്റെടുക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഏതൊരു വിഷയവും ഏറ്റെടുക്കുന്നത്, 'അവരുടേ'തല്ലെന്ന് പറയപ്പെടുന്ന ചില 'സേനകളാണ്'. പശുഭീകരത, ഹലാല്‍, ലൗ ജിഹാദ് തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ കൃത്യമായി നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ഇതിനോടൊക്കെ ബിജെപിയുടെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള നിലപാടും പിന്നിലുള്ള നിലപാടും വ്യത്യസ്തമായിരുന്നു മുമ്പ്. പക്ഷേ ഇന്ന് അങ്ങിനെയല്ല സ്ഥിതി കാമറക്ക് പിന്നിലുള്ള നിലപാട് തന്നെ കാമറക്ക് മുന്നിലും പറയാന്‍ സാധിക്കുന്നുവെന്നത് ഹിന്ദുത്വം എത്രമാത്രം സമൂഹത്തില്‍ സ്വീകാര്യമായിരിക്കുന്നു എന്നത് തന്നെയാണ്. ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ കാംപയിനിങ് കര്‍ണാടകയിലും വിജയിക്കുന്നു എന്നത് തന്നെയാണ് ബൊമ്മൈയുടെ ഈ ആത്മവിശ്വാസം പ്രകടമാക്കുന്നത്.
എന്നാല്‍ ബിജെപി കര്‍ണാടക ഘടകത്തിലെ വിഭാഗീയത പ്രതിപക്ഷത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. ലിംഗായത്തിന്റെ ശക്തനായ നേതാവായ യെദ്യൂരപ്പ, 2023 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മകനെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള മോഹങ്ങള്‍ പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ രാജവംശ രാഷ്ട്രീയം വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയും ബിജെപി നേതൃത്വവും യെദ്യൂരപ്പയെ നിരുല്‍സാഹപ്പെടുത്തിയെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ബിജെപി ഭരണത്തുടര്‍ച്ചയെ പ്രതിരോധിക്കുവാന്‍ പ്രതിപക്ഷങ്ങള്‍ക്ക് കഴിയയണമെങ്കില്‍ കേവല തിരഞ്ഞെടുപ്പ് ശേഷമുള്ള സഖ്യ സാധ്യതകള്‍ക്ക് പ്രസക്തിയില്ലെന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ഇത് മുന്നില്‍ കണ്ടാകണം പ്രതിപക്ഷമെങ്കിലും ദേശീയതലത്തില്‍ തന്ന കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ബിജെപിയുടെ ഹിന്ദുത്വ മുറവിളിക്ക് മറുപടി പറയുവാന്‍ പ്രാദേശിക പാര്‍ട്ടികളുടെ മുന്‍കൈയിലുള്ള മുന്നണികള്‍ക്ക് കഴിയാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാധ്യമാകുമോയെന്ന് വരുംനാളുകളില്‍ തെളിഞ്ഞുകാണാം.