ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്കിഷ്ടം ബിരിയാണി തന്നെ; 2024ല്‍ 8.3 കോടി ബിരിയാണി വിറ്റെന്ന് സ്വിഗ്ഗി
ന്യൂഡല്‍ഹി: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ പ്രചരിപ്പിച്ചാലും രാജ്യത്തെ ജനങ്ങള്‍ക്കിഷ്ടം ബിരിയാണി തന്നെ. ഈ വര്‍ഷം ഇതുവരെ 8.3 കോടി ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചതായി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി വെളിപ്പെടുത്തി. ഹൈദരാബാദ് നിവാസികളാണ് കൂടുതല്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 97 ലക്ഷം ഓര്‍ഡറുകളാണ് ഹൈദരാബാദില്‍ നിന്ന് വന്നത്. ബംഗളൂരുവില്‍ നിന്ന് 77 ലക്ഷം ഓര്‍ഡറും ചെന്നൈയില്‍ നിന്ന് 46 ലക്ഷം ഓര്‍ഡറും വന്നു. ഒരു മിനുട്ടില്‍ 158 ബിരിയാണിക്കാണ് ഓര്‍ഡര്‍ വരുന്നതെന്നും സ്വിഗ്ഗിയുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പേര്‍ക്കും ചിക്കന്‍ ബിരിയാണിയാണ് ഇഷ്ടം. 49 ലക്ഷം പേരാണ് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.
പാതിരാത്രിയില്‍ വിശക്കുന്നവരും കൂടുതലായി ഓര്‍ഡര്‍ ചെയ്ത രണ്ടാമത്തെ ഐറ്റം ബിരിയാണിയാണ്. ചിക്കന്‍ ബര്‍ഗറാണ് ഒന്നാമത്. റമദാന്‍ കാലത്ത് രാത്രിയില്‍ 60 ലക്ഷം ബിരിയാണി ഓര്‍ഡറുകളുണ്ടായി.കൊല്‍ക്കത്തയിലെ ഒരാള്‍ പുലര്‍ച്ചെ നാലു മണിക്ക് ബിരിയാണി ഓര്‍ഡര്‍ ചെയ്തതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
ബിരിഞ്ച്(അരി), ബിരിയാണ്‍(പാചകത്തിന് മുമ്പ് പൊരിക്കുക)എന്നീ പേര്‍ഷ്യന്‍ വാക്കുകളില്‍ നിന്നാണ് ബിരിയാണി എന്ന പേര് ഉദ്ഭവിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇറാനിലാണ് ആദ്യമായി ബിരിയാണി പാചകം ചെയ്തത്രെ. പശ്ചിമേഷ്യയില്‍ നിന്നാണ് ബിരിയാണി ഇന്ത്യയില്‍ എത്തിയതെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നു. തെക്കേ ഇന്ത്യയിലെ ഡെക്കാന്‍ പ്രദേശത്തേക്ക് അറബ് വ്യാപാരികളാണ് ബിരിയാണി ആദ്യമായി എത്തിച്ചതെന്ന് മറ്റും ചിലരും അഭിപ്രായപ്പെടുന്നു. തിമുറിഡ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ തിമൂര്‍ 1938ലാണ് ബിരിയാണി കൊണ്ടുവന്നതെന്നും ചിലര്‍ പറയുന്നു.