ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ കൊലയാളികളെ ഒളിവില്‍ പോവാന്‍ സഹായിച്ച ആര്‍എസ്എസ്സുകാരന്‍ അറസ്റ്റില്‍

Update: 2024-12-24 03:46 GMT

മണ്ണഞ്ചേരി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വെട്ടിക്കൊന്ന പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പറവൂര്‍ വടക്ക് ദേവസ്വംവെളി വീട്ടില്‍ എച്ച് ദീപകിനെയാണ് (44) മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യം ഡിസംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവരോട് കീഴടങ്ങാന്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് പാലിക്കാതെ ഒളിവില്‍ പോയ ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിനാണ് ദീപക്കിനെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജാമ്യം റദ്ദാക്കിയ പ്രതികള്‍ ബീഭല്‍സമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Similar News