തിരുവനന്തപുരം: കൂട്ടപരിശോധനയില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കിടത്തിചികില്‍സ ആശങ്കയില്‍. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. കൊവിഡ് കൂട്ടപരിശോധന ഘട്ടത്തില്‍ രോഗികളുടെ ദിനക്കണക്ക് 25000 വരെ എത്തിയേക്കും. ഇന്നലെ 85000 പേരുടെ പരിശോധന ഫലം മാത്രമാണ് പുറത്ത്് വന്നത്. എന്നാല്‍ പരിശോധന നടത്തിയത് ഇരട്ടിയിലേറെപ്പേര്‍ക്കാണ്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞദിവസം 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. എന്നാല്‍ ഫലം പുറത്ത് വന്നത് 81,211 സാമ്പിളുകളുടേത് മാത്രമാണ്. ബാക്കി പരിശോധാഫലം തുടര്‍ ദിവസങ്ങളിലാണ് പുറത്ത് വരുന്നത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയിരുന്നു. എന്നാല്‍ കൂട്ടപരിശോധനഫലം പുറത്ത് വരുന്നതോടെ ഈ നിരക്കിലും വ്യത്യാസമുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് 80019 രോഗികളാണ് ചികിത്സയിലുള്ളത്. അടുത്ത മൂന്നു ദിവസത്തില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ കുറഞ്ഞ സമയം കൊണ്ട് പ്രതിദിന കൊവിഡ് കേസുകളില്‍ പതിനായിരത്തിലേറെ വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കിടത്തി ചികിത്സ അനിവാര്യമായി വരും. നേരത്തെ കൊവിഡ് ആശുപത്രികളില്‍ മറ്റ് രോഗികളെ ചികില്‍സിപ്പിക്കാത്തതിനാല്‍, മതിയായ ഡോക്ടര്‍മാരും കിടക്കകളുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റു രോഗികളെ കൊണ്ട്് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റ് അസുഖങ്ങളുള്ള കിടത്തി ചികില്‍സ വേണ്ട കൊവിഡ് രോഗികളെ പാര്‍പ്പിക്കല്‍ ബുദ്ധിമുട്ടാവും. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്.