പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍; അറസ്റ്റിലായത് മറ്റൊരു പോക്‌സോ കേസ് പ്രതി
തമലം അംബേദ്കര്‍ കോളനി സ്വദേശിയും മുന്‍ ഗവ.പ്രസ് ജീവനക്കാരനുമായ ശിവന്‍കുട്ടി(66) യെയാണ് തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. തമലം അംബേദ്കര്‍ കോളനി സ്വദേശിയും മുന്‍ ഗവ.പ്രസ് ജീവനക്കാരനുമായ ശിവന്‍കുട്ടി (66) യെയാണ് തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 8.30 നാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്. പ്രതി തന്റെ മൂന്നാം ഭാര്യയായ പാച്ചല്ലൂര്‍ സ്വദേശിനിയുടെ ചെറുമകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലിസ് പിടികൂടിയത്.
ഇയാള്‍ക്കെതിരെ പൂന്തുറ പോലിസ് സ്‌റ്റേഷനിലും പോക്‌സോ കേസ് നിലവിലുണ്ട്. തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി നായര്‍, എസ്.ഐ മാരായ വൈശാഖ്, മനോഹരന്‍, സി.പി.ഒ മാരായ രാജീവ്, ശ്രീജിത്, സന്ദീപ്, വേണുഗോപാലന്‍ നായര്‍, എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.