പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലുകളില്‍ മാരകായുധങ്ങള്‍; സംഭവം അതീവ ഗൗരവമുള്ളതെന്ന് എസ്ഡിപിഐ

Update: 2022-01-19 14:34 GMT

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലുകളില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. ജയിലുകള്‍ ആയുധപുരകളും ലഹരി കേന്ദ്രങ്ങളുമാക്കുന്ന സംഭവങ്ങള്‍ നേരത്തെയും വര്‍ത്തയായിട്ടുണ്ട്. കൊടും കുറ്റവാളികളില്‍ ചിലര്‍ക്ക് അധികൃതരുടെ പ്രത്യേക പരിഗണനയുണ്ട്. അവര്‍ക്ക് ലഹരി വസ്തുക്കളും മൊബൈല്‍ ഫോണുകളുമെല്ലാം നിര്‍ബാധം ലഭ്യമാകുന്നു. അതിസുരക്ഷാ സെല്ലുകളില്‍ ആയുധങ്ങള്‍ എത്തിയതിനെക്കുറിച്ചും ഗൗരവപൂര്‍ണമായ അന്വേഷണം നടത്തണം. മരകായുധങ്ങള്‍ കണ്ടെത്തിയ സംഭവം, ജയില്‍ സുരക്ഷ വീഴ്ചയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിലെ കെടുകാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നത്.

ജയിലിനുള്ളില്‍ നടക്കുന്ന ക്രിമിനല്‍ ചെയ്തികള്‍ക്കു പിന്നിലുള്ളവരെയും അവയെ പ്രോത്സാഹിപ്പിക്കുന്നവരെയും വെളിച്ചത്ത് കൊണ്ടുവരണം. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നതും കൊലപാതക കേസുകളില്‍ ജയിലുകളില്‍ കഴിയുന്നവര്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്തെ ഗുണ്ടകളുമായി ബന്ധപ്പെടുന്നതും വാര്‍ത്തകളായി പുറത്ത് വന്നതാണ്.

തടവുകാര്‍ ശിക്ഷാകാലാവധി സ്വയം നന്നാവാനും ഗുണകരമായ മാനസീക പരിവര്‍ത്തനത്തിനുമാണ് പ്രയോജനപ്പെടുത്തേണ്ടത്. അതിനനുകൂല ഭൗതികമാനസിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചുമതല കൂടി ജയില്‍ അധികൃതര്‍ക്കുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News