പൊന്നാനി: എരമംഗലത്ത് മക്കളുമായുള്ള തര്‍ക്കത്തിനിടെ പിതാവ് മരിച്ച സംഭവത്തില്‍ മക്കളും മരുമകളും അറസ്റ്റില്‍. വെളിയങ്കോട് കിണര്‍ ബദര്‍ പള്ളിയ്ക്ക് സമീപം പള്ളിയകായില്‍ ഹംസ (65) യാണ് മര്‍ദനമേറ്റ് മരിച്ചത്. സംഭവുമായി ബന്ധപെട്ട് ഹംസയുടെ മകന്‍ ആബിദ് (35), മകള്‍ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലിസ് അറസ്റ്റുചെയ്തു.
ഹംസയുമായി ഭാര്യയും മക്കളും നിരന്തരം കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ മക്കള്‍ സംരക്ഷിക്കുന്നില്ലെന്നും വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മകന്‍ ആബിദ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഒക്‌ടോബര്‍ ഒന്നിന് കൊല്ലപ്പെട്ട ഹംസ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഹംസയുടെ ഭാര്യയും മക്കളും ഹംസയും തമ്മില്‍ ബഹളമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മക്കളുടേയും മരുമകളുടേയും അടിയേറ്റ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടുവീണു. ഇതിനിടെ മകന്‍ ആബിദ് വീട്ടില്‍ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആളുകള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ വെള്ളം കൊടുക്കാന്‍ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികള്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തു. മയ്യിത്ത് ഇന്ന് പോസ്റ്റമോര്‍ട്ടത്തിന് ശേഷം വെളിയങ്കോട് മുഹിയുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.