പയ്യോളി പോലിസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള നാമമാത്രമായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
പയ്യോളി: പയ്യോളി പോലിസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പയ്യോളി സ്റ്റേഷനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 15 പോലിസുകാരെയാണ് കഴിഞ്ഞ ദിവസം പിസിആര്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 9 പേരിലാണ് രോഗം കണ്ടെത്തിയത്.
വെള്ളിയാഴ്ച 10 പോലിസുകാരെക്കൂടി പെരുമാള്‍പുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പിസിആര്‍ പരിശോധനക്ക് വിധേയമാക്കി. തിങ്കളാഴ്ച പയ്യോളി പോലിസ് സ്റ്റേഷനിലെ മുഴുവന്‍ പേരെയും പരിശോധന നടത്തും. ഇതിനിടെ എആര്‍ ക്യാംപില്‍ നിന്ന്‍ പയ്യോളിയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പയ്യോളി സ്റ്റേഷനുമായി ബന്ധമില്ലെന്നാണ് വിവരം.
സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള നാമമാത്രമായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഹൈവേ പോലിസും ക്രമസമാധാന പ്രശ്നങ്ങള്‍ കണ്‍ട്രോള്‍ റൂം നേരിട്ടുമാണ് കൈകാര്യം ചെയ്യുന്നത്. പുറത്തുള്ളവര്‍ക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിച്ചു.