താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി
ദീർഘകാലമായി പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
താനൂർ: താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് വഴി മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. അഞ്ച് റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്. വി അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം താനൂരിന് ലഭിച്ച ആദ്യ പദ്ധതികളാണിത്.
കുണ്ടിൽ പീടിക-ചാഞ്ചേരിപ്പറമ്പ് റോഡ് (82.30 ലക്ഷം), സർവീസ് സ്റ്റേഷൻ-കുന്നുംപുറം ലിങ്ക് റോഡ് (18 ലക്ഷം), എൻഎസ്എസ്-കാട്ടിലങ്ങാടി റോഡ് (43 ലക്ഷം), ഓലപ്പീടിക-കൊടിഞ്ഞി റോഡ് - (1.11 കോടി), പുല്ലാട്ട്-വലിയ പറമ്പ് റോഡ് (69.50 ലക്ഷം) എന്നീ റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്.
ദീർഘകാലമായി പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. മിക്ക റോഡുകളും തകർന്ന് യാത്രയ്ക്ക് ഏറെ പ്രയാസം സൃഷ്ടിച്ച സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്.