പെരിന്തൽമണ്ണ നഗരമധ്യത്തിൽ നിന്നും ബൈക്കുകൾ മോഷണം പോയി
ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
പെരിന്തൽമണ്ണ: ജൂബിലി ജങ്‌ഷനിലും ജൂബിലി റോഡിലുമായി സ്ഥാപനങ്ങൾക്കു മുന്നിൽ നിർത്തിയിട്ട 2 ബൈക്കുകൾ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് 2 ബൈക്കുകളും മോഷ്ടിക്കപ്പെട്ടത്.
പുലർച്ചെ 1.45ന് റെസ്റ്റ് ഹൗസ് റോഡിന് സമീപത്തു നിന്നാണ് പാണമ്പി സ്വദേശി രതീഷിന്റെ ബൈക്ക് നഷ്ടപ്പെട്ടത്. രതീഷ് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയതായിരുന്നു. 2.15ന് ആണ് ജൂബിലി റോഡിലെ ഗ്യാസ് ഏജൻസി ജീവനക്കാരനും വയനാട് സ്വദേശിയുമായ ജോബിഷിന്റെ ബൈക്ക് നഷ്ടപ്പെട്ടത്. ഏജൻസി ഓഫിസിന് മുന്നിൽ നിർത്തിയതായിരുന്നു.
ഇവിടെനിന്ന് ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പിറകിൽ നിന്നുള്ള ദൃശ്യമായതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.