റോഡ് നിർമാണത്തിൽ സ്വകാര്യ വ്യക്തിയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായി പരാതി
ഭാവിയിൽ ട്രാഫിക് ലൈറ്റ് അടക്കം സ്ഥാപിക്കേണ്ട ഇവിടെ സ്വകാര്യ വ്യക്തിക്കു വേണ്ടി സർക്കാർ ഭൂമി വിട്ടു കൊടുത്ത നടപടിക്കെതിരേ വിജയം വരെ പോരാടുമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി കൺവീനർ എ എം സലീം, ചെയർമാൻ കൃഷ്ണൻ എരഞ്ഞിക്കൽ, സമിതി അംഗം കെസിഎ റഹീം എന്നിവർ പറഞ്ഞു.
അരീക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നാലുവരിയാക്കുന്ന പ്രവൃത്തിക്കിടെ കുറ്റൂളിയിൽ ബന്ധപ്പെട്ടവർ സ്വകാര്യ വ്യക്തിക്കുവേണ്ടി പൊതുമരാമത്ത് വക സ്ഥലം വിട്ടു കൊടുത്തതായി പരാതി. കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുമായി സംഗമിക്കുന്ന കവലയിലാണ് റോഡ് നിർമാണത്തിൽ ഈ അപാകത കാണിച്ചിട്ടുള്ളതെന്ന് റോഡ് സുരക്ഷാ സമിതി.
ഭാവിയിൽ ട്രാഫിക് ലൈറ്റ് അടക്കം സ്ഥാപിക്കേണ്ട ഇവിടെ സ്വകാര്യ വ്യക്തിക്കു വേണ്ടി സർക്കാർ ഭൂമി വിട്ടു കൊടുത്ത നടപടിക്കെതിരേ വിജയം വരെ പോരാടുമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി കൺവീനർ എ എം സലീം, ചെയർമാൻ കൃഷ്ണൻ എരഞ്ഞിക്കൽ, സമിതി അംഗം കെസിഎ റഹീം എന്നിവർ പറഞ്ഞു.
ജില്ലാ അതിർത്തിയായ എരഞ്ഞിമാവ് മുതൽ കുറ്റൂളി വരെ സർക്കാർ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തുകയും റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം സൗജന്യമായി സ്വീകരിക്കുകയും ചെയ്ത അധികൃതർ വളവും കയറ്റവും കാരണം പലപ്പോഴും അപകട മരണങ്ങൾ വരെ നടന്ന കുറ്റൂളിയിൽ മാത്രം ഒരു വ്യക്തിക്കു വേണ്ടി ഡ്രൈനേജ് നിർമാണം പോലും തിരിച്ചുവിട്ടതായും സമിതി ഭാരവാഹികൾ പരാതിപ്പെട്ടു.
ഒരു വ്യക്തിക്ക് മാത്രം ഇങ്ങനെ സൗകര്യം അനുവദിക്കുന്ന പക്ഷം റോഡ് നിർമാണം മൂലം വീടുകളിലേക്കും കടകളിലേക്കും വഴി നഷ്ടപ്പെട്ടവർക്ക് അത് പുനർനിർമിച്ചു നൽകാൻ അധികൃതർ തയാറാകേണ്ടി വരുമെന്നും ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമപരമായി പോരാടാനും സമിതി തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.