ഇടുക്കി: കൊവിഡ് വാക്സിനേഷനു മുന്നോടിയായി വിവിധ വകുപ്പുകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. വാക്‌സിന്‍ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുകയാണു ടാസ്‌ക് ഫോഴ്സിന്റെ ദൗത്യം. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
പോളിയോ വാക്‌സീന്‍ നല്‍കുന്നതിനുള്‍പ്പെടെ ജില്ലയില്‍ മികച്ച ആരോഗ്യ ശ്യംഖല നിലവിലുണ്ട്. ഇത് കുറ്റമറ്റ രീതിയില്‍ പുനക്രമീകരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പൊലീസ്, എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കും. ജില്ലയില്‍ ഏഴു ആരോഗ്യ ബ്ലോക്കുകളിലായി വാക്‌സിന്‍ സൂക്ഷിക്കാനുള്ള 60 കേന്ദ്രങ്ങളും 328 കുത്തിവെപ്പു കാരുമാണുള്ളത്.
അറുന്നൂറോളം സെക്ടര്‍ കേന്ദ്രങ്ങളിലായി ഏഴായിരം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ഡെപ്യൂട്ടി ഡിഎംഒ ഡോ സുരേഷ് വര്‍ഗ്ഗീസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സുജിത്ത് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ആര്‍.സി.എച് ഓഫീസര്‍, ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പാള്‍ മെഡിക്കല്‍ കോളേജ് ഇടുക്കി ,ജില്ലാ പ്രോഗ്രാം ഓഫീസര്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ജോയ്ന്റ് ഡയറക്ടര്‍ അര്‍ബന്‍ അഫയേഴ്‌സ്, ജില്ലാ ഓഫീസര്‍ സാമൂഹ്യനീതി വകുപ്പ്, ജില്ലാ ആനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍, പിഇഐഡി സെല്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.