ലോക്ക്ഡൗണ്‍: കൊവിഡ് ബാധിതരുള്ള പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

ഏഴ് പഞ്ചായത്തുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ

Update: 2020-04-18 14:10 GMT

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയെ അതി തീവ്ര മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗബാധിതരുള്ള ഗ്രാമ പഞ്ചായത്തുകളില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. തലക്കാട്, വളവന്നൂര്‍, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകളിലാണ് നിലവില്‍ രോഗബാധിതരുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഈ ഏഴ് പഞ്ചായത്തുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ. പുറത്തിറങ്ങുന്നവരെ പോലിസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു.

മറ്റിടങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ലോക്ക്ഡൗണ്‍ തീരുന്നതുവരെ ജില്ലയില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവര്‍ത്തിച്ച് വ്യക്തമാക്കി.

Similar News