സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും; സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനമുയരും
ഫറോഖില്‍ ഇന്ന് തുടങ്ങുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം സജീവ ചര്‍ച്ചയാകും. വ്യവസായ സൗഹൃദത്തിന്‍റെ പേരില്‍ ഭൂനിയമങ്ങളില്‍ ഇളവ് ചെയ്യാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേയും വിമര്‍ശനമുയരും.
കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി തരംമാറ്റമടക്കമുളള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയരും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭൂപരിഷ്കരണ നിയമത്തില്‍ അഭിമാനം കൊളളുന്ന പാര്‍ട്ടിയാണ് സിപിഐ. നിയമം അട്ടിമറിക്കാനുളള ഏതൊരു നീക്കത്തെയും നഖശിഖാന്തം എതിര്‍ക്കുമെന്നതാണ് പാര്‍ട്ടിയുടെ പരസ്യ നിലപാട്. എന്നാല്‍ നിയമ ലംഘനത്തിന് പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി ഭരിക്കുന്ന റവന്യൂ വകുപ്പും കൂട്ടു നില്‍ക്കുന്നതാണ് കോഴിക്കോട്ടെ കോടഞ്ചേരിയില്‍ കണ്ടത്.
മര്‍ക്കസ് നോളജ് സിറ്റിയുടെയും എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടേയും നിര്‍മാണത്തിനായി തോട്ടഭൂമി ഇടിച്ചുനിരത്തി വന്‍കിട നിര്‍മാണം നടത്തിയതിനെതിരേ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ നിലപാടടെടുത്തെങ്കിലും ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മൗനം പാലിച്ചു. സംസ്ഥാന സെക്രട്ടറിയാകട്ടെ പാര്‍ട്ടി കമ്മിറ്റി ഒഴിവാക്കി നോളജ് സിറ്റി സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ കലക്ടര്‍ തുടങ്ങിയ അന്വേഷണമാകട്ടെ പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്തു.
ഫറോഖില്‍ ഇന്ന് തുടങ്ങുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം സജീവ ചര്‍ച്ചയാകും. വ്യവസായ സൗഹൃദത്തിന്‍റെ പേരില്‍ ഭൂനിയമങ്ങളില്‍ ഇളവ് ചെയ്യാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേയും വിമര്‍ശനമുയരും. നിലവിലെ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഇക്കുറി സ്ഥാനമൊഴിയുമെന്നാണ് വിലയിരുത്തുന്നത്.