പാലക്കാട് :കൊല്ലങ്കോട് കവര്‍ച്ച കേസില്‍ മുങ്ങിയ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. നെന്മാറ അയിലൂര്‍ പുളക്കല്‍ പറമ്പ് ജലീല്‍(36), കുഴല്‍മന്ദം കുത്തനൂര്‍ പടപ്പനാല്‍ പള്ളിമുക്ക് ഹൗസില്‍ അബ്ദുറഹ്മാന്‍ (32) എന്നിവരാണ് പോലിസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്.
പ്രതികള്‍ കൊല്ലങ്കോട് മേഖലയില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലങ്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ എ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് ജലീല്‍.
ബൈക്കിന്റെ അറകള്‍ പരിശോധിച്ചപ്പോള്‍ വീടുകളില്‍ കവര്‍ച്ച നടത്താനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ 2021 ഡിസംബറില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മോഷ്ടിച്ച വാഹനമാണ് പിടികൂടുമ്പോള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പ്രതികള്‍ വാളയാറിലെ അമ്പലത്തിന്റെ ഭണ്ഡാരം കുത്തി പൊളിച്ച് വിഗ്രഹത്തിലെ സ്വര്‍ണമാല മോഷ്ടിച്ച കേസിലും തൃശ്ശൂര്‍ കൊരട്ടിയില്‍ ചര്‍ച്ചില്‍ മോഷണം നടത്താന്‍ ശ്രമിച്ച കേസിലും കുറ്റസമ്മതം നടത്തി. അബ്ദുല്‍ റഹ്മാന്‍ മുമ്പ് നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. ഇരുവരുടെ പേരിലും വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.എസ്‌ഐ കെ ഷാഹുല്‍, ആര്‍ രതീഷ, അക്‌സര്‍, എസ് ജിജോ, മനോജ്, ഹോം ഗാര്‍ഡ് സുധീഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.