ഡോ. ഖമറുന്നീസ അന്‍വറിന്റെ പുസ്തകം 'പെണ്‍കരുത്തിന്റെ നാള്‍ വഴികള്‍' പ്രകാശനം ചെയ്തു
സ്ത്രീ സമൂഹത്തിന്റെ നാനോന്മുഖമായ വളര്‍ച്ചയില്‍ തന്റെ നിരന്തരമായ സംഭാവനകള്‍ നല്‍കിയ ഖമറുന്നീസ അന്‍വറിനെ പോലുള്ളവര്‍ യഥാര്‍ത്ഥ സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് മാതൃക പകര്‍ന്നവരാണെന്ന് തങ്ങള്‍ പറഞ്ഞു.
മലപ്പുറം: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും സാമൂഹ്യക്ഷേമ ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണുമായ ഡോ. ഖമറുന്നീസ അന്‍വര്‍ രചിച്ച ഓര്‍മ്മ പുസ്തകം പെണ്‍കരുത്തിന്റെ നാള്‍വഴികള്‍ മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുന്‍ എംപി സി ഹരിദാസിന് നല്‍കി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുരോഗമന മുസ്‌ലിം കുടുംബത്തില്‍ പിറന്ന് സമുദായത്തിലെ സ്ത്രീ സമൂഹത്തിന്റെ നാനോന്മുഖമായ വളര്‍ച്ചയില്‍ തന്റെ നിരന്തരമായ സംഭാവനകള്‍ നല്‍കിയ ഖമറുന്നീസ അന്‍വറിനെ പോലുള്ളവര്‍ യഥാര്‍ത്ഥ സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് മാതൃക പകര്‍ന്നവരാണെന്ന് തങ്ങള്‍ പറഞ്ഞു.
സാമുദായിക സഹവര്‍ത്തിത്വവും മതേതരത്വവും ഏറെ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ജാതി മത ചിന്തകള്‍ക്കതീതമായി കാരുണ്യവും സഹജീവി സ്‌നേഹവും പകര്‍ന്നു നല്‍കുന്ന ഖമറുന്നീസ അന്‍വര്‍ വലിയൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ഹരിദാസ് പറഞ്ഞു. ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.ഖമറുന്നീസ അന്‍വര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, വനിതാ ലീഗ് നേതാക്കളായ അഡ്വ. കെപി മറിയുമ്മ, എന്‍പി ഷെരീഫാബി, പി ഇബ്രാഹിം ഹാജി, പിപി അബ്ദുറഹിമാന്‍, കെ നിസാര്‍, നജീബ് ജിബ്രന്‍ പുവ്വല്ലൂര്‍ എന്നിവർ സംസാരിച്ചു.