കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; 4 പേര്‍ അറസ്റ്റില്‍
ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ തിങ്കളാഴ്ചയായിരുന്നു ബോംബേറ്.
കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാല് യുവാക്കൾ പിടിയിൽ. അമൽ, എബിൻ, അരുൺ, ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ എന്ന് ചേവായൂർ പോലിസ് പറഞ്ഞു.
ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ തിങ്കളാഴ്ചയായിരുന്നു ബോംബേറ്. വീടിന്‍റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.