ക്വാറന്റൈനിലുള്ള യുവാവിന് കൂട്ടുകാരന്‍ കഞ്ചാവ് കൊണ്ടുവന്നത് ഹല്‍വയ്ക്കകത്തുവെച്ച്
സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ആനയടി സ്വദേശിക്കായാണ് കഞ്ചാവ് എത്തിച്ചത്
അടൂര്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന യുവാവിന് കൂട്ടുകാരന്‍ കഞ്ചാവ് കൊണ്ടുവന്നത് ഹല്‍വയ്ക്കകത്തുവെച്ച്. അടൂര്‍ ഗവ. ബോയ്സ് ഹൈസ്‌കൂളിനു സമീപം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ആനയടി സ്വദേശിക്കായാണ് കഞ്ചാവ് എത്തിച്ചത്. മൂന്നു ദിവസം മുമ്പാണ് ഹൈദരാബാദില്‍ നിന്നു നാട്ടിലെത്തിയ യുവാവിനെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്.
ഇയാള്‍ക്കുള്ള ലഘുഭക്ഷണം സുഹൃത്ത് ആനയടി വയ്യാങ്കര സ്വദേശി വിനോദ് സ്ഥാപനത്തിലുള്ള വൊളന്റിയര്‍മാരെ ഏല്‍പ്പിച്ചു. ഇതിലെ ഹല്‍വ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി സംശയം. പുറത്ത് എടുത്തപ്പോള്‍ ചെറിയ കവറിനുള്ളില്‍ പൊതിഞ്ഞ പുകയിലയുടെ ഗന്ധമുള്ള വസ്തു.
വൊളന്റിയര്‍മാര്‍ അടൂര്‍ സിഐ യു ബിജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐ ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കഞ്ചാവ്. കഞ്ചാവ് എത്തിച്ച വിനോദിന്റെ വീട്ടില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. പോലിസ് കേസെടുത്തു.