അതിതീവ്ര മഴ; കോട്ടയം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നാലു വിഭാഗങ്ങളായാണ് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കേണ്ടത്

Update: 2020-09-20 10:01 GMT

കോട്ടയം: ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍ദേശം നല്‍കി. ഇന്നു രാവിലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സ്ഥിതിഗതികള്‍ വിലിയിരുത്തി.

കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം സജീവമാക്കാനും ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ നിലവിലെ സാഹചര്യം അടിയന്തരമായി വിലയിരുത്താനും യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നാലു വിഭാഗങ്ങളായാണ് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കേണ്ടത്.

മലയോര മേഖലകളിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മലയോര മേഖലയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. 

Similar News