കോഴിക്കോട് വിലങ്ങാട് മലയിലെ വനമേഖലയിൽ ഉരുൾപൊട്ടി

വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിൽ ഉരുൾപൊട്ടി കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്

Update: 2020-08-06 18:49 GMT

നിലമ്പൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു.

കോഴിക്കോട് വിലങ്ങാട് മലയിൽ വനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത്‌ ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിൽ ഉരുൾപൊട്ടി കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയം ഉയർന്നു. കോടഞ്ചേരി ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. നിലമ്പൂർ ചാലിയാർ പുഴയിലാണ് വീണ്ടും മലവെള്ളപാച്ചിൽ ഉണ്ടായത്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വയനാട് വൈത്തിരിയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നും അധികൃതർ പറഞ്ഞു.

Similar News