പത്തനംതിട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി
പരിക്കേറ്റ് അവശനിലയിലായിരുന്നതിനാല്‍ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല
പത്തനംതിട്ട: പത്തനംതിട്ട ആങ്ങാമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി.മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. ഒരു വയസില്‍ താഴെയുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം.
വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സുരേഷിന്റെ വീട്. ഇവിടെ വെച്ചാണ് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിന്‍കൂടിനോട് ചേര്‍ന്ന ഭാഗത്തായിട്ടായിരുന്നു പുലി. പരിക്കേറ്റ് അവശനിലയിലായിരുന്നതിനാല്‍ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല. പുലിക്ക് പരുക്ക് പറ്റിയതെങ്ങനെയെന്ന കാരണം വ്യക്തമല്ല.റാന്നി ആര്‍ആര്‍പി ഓഫിസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടര്‍ എത്തി പരിശോധനയ്ക്ക് വിധേയമാക്കും. പരിക്ക് ഭേദമായതിന് ശേഷമായിരിക്കും കാട്ടിലേക്ക് വിടുക.