തേക്കിൻ ചുവട്-വഴിക്കടവ് ഭാഗത്ത് പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ തേക്കിൻ ചുവട് ഭാഗത്ത് നിന്നുള്ള നിരത്ത് പുഴ കടന്ന് പാലച്ചുവടിലെ വെറ്റിലപ്പാറ റോഡിലാണ് എത്തിച്ചേരുന്നത്.
അരീക്കോട്: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി-കിഴുപറമ്പ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ചെറുപ്പുഴയിലെ വഴിക്കടവിൽ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഉന്നയിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സർക്കാരിന്റേയും അധികൃതരേയും ഭാഗത്തുനിന്ന് അവഗണനയല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു.
നാടെങ്ങും അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ കോടികളുടെ ഫണ്ട് വിനോഗിക്കുമ്പോഴും മലപ്പുറം ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ ഈ മേഖലയിൽ പാലം വേണമെന്ന ആവശ്യം നിറവേറ്റാൻ സർക്കാരിന് കഴിയാത്തത് ജനങ്ങളിൽ പ്രതിഷേധം രൂപപ്പെടുവാൻ കാരണമായിട്ടുണ്ട്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ തേക്കിൻ ചുവട് ഭാഗത്ത് നിന്നുള്ള നിരത്ത് പുഴ കടന്ന് പാലച്ചുവടിലെ വെറ്റിലപ്പാറ റോഡിലാണ് എത്തിച്ചേരുന്നത്. പതിനഞ്ച് മീറ്ററിലധികം വീതിയുണ്ടായിരുന്ന ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന ഈ റോഡിൻ്റെ ഇരുവശങ്ങളും കയ്യേറിയതിനാൽ ഇന്ന് വീതി കുറവാണ്.
പുഴയുടെ ഭാഗത്ത് കയ്യേറ്റം മൂലം വീതി കുറവാണെന്ന് പരാതിപ്പെട്ടിട്ടും റിസർവ്വേ നടത്താൻ റവന്യൂ വകുപ്പ് അധികൃതർ തയ്യറാകുന്നില്ല. റോഡിൻ്റെ വീതി കുറവ് പരിഹരിച്ച് ഇവിടെ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ പാലം യാഥാർത്ഥ്യമായാൽ മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇതുവഴി ഒതായി നിലമ്പൂർ ഭാഗത്തേക്കും നിലമ്പൂരിൽ നിന്നുള്ള വാഹനങ്ങൾ ഒതായി വഴി കോഴിക്കോട് മുക്കം ഭാഗങ്ങളിലേക്കും വേഗത്തിൽ എത്താൻ കഴിയും.