പത്തനാപുരം പള്ളിപ്പടിയിലെ പള്ളി ഭൂമി വിട്ടുനൽകാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചു
നാടിൻറെ വികസനത്തിന് തടസ്സമാകരുതെന്ന് കണ്ടാണ് പത്തനാപുരം ചെറിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഒന്നര മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിലായി സ്ഥലം വിട്ട് നൽകാൻ തീരുമാനം കൈക്കൊണ്ടത്.
മലപ്പുറം: അരീക്കോട്- എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം പള്ളിപ്പടിയിലെ പള്ളി ഭൂമി വിട്ടുനൽകാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. 186 കോടി രൂപ ചിലവിൽ റോഡിൽ നവീകരണ പ്രവർത്തി നടക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ നിന്നും പ്രവർത്തി ആരംഭിച്ചത്. നാല് വരി പാതയോടൊപ്പം റോഡിൻറെ ഇരുവശത്തും അഴുക്കുചാലും പണിയുന്നുണ്ട്.
തേക്കിൻച്ചുവട് മുതൽ പത്തനാപുരം പള്ളിപ്പടിവരെയുള്ള ഒരു കിലോമീറ്റർ ദൂര പരിധിയിൽ ആവശ്യമായ സ്ഥലം ഇല്ലാതെയായതോടെയാണ് ആവശ്യമായ സ്ഥലം കണ്ടെത്തി റോഡ് വീതികൂട്ടാൻ നാട്ടുകാർ തീരുമാനം കൈകൊണ്ടത്. നാടിൻറെ വികസനത്തിന് തടസ്സമാകരുതെന്ന് കണ്ടാണ് പത്തനാപുരം ചെറിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഒന്നര മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിലായി സ്ഥലം വിട്ട് നൽകാൻ തീരുമാനം കൈകൊണ്ടത്.
പള്ളിയുടെ ചുറ്റ് മതിൽ, മിനാരം, ശുചിമുറി എന്നിവ പൊളിച്ച് നീക്കം ചെയ്യേണ്ടിവരും. ഒപ്പം പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും പൊളിച്ച് നീക്കുന്നുണ്ട്. പത്തനാപുരം പള്ളിക്ക് കീഴിൽ പ്രവർത്തിക്കുന്ന തേക്കിൻച്ചുവട് സുന്നി പള്ളിയുടെ സ്ഥലവും വിട്ട് നൽകാൻ തീരുമാനിച്ചു. പള്ളി കമ്മിറ്റി സ്ഥലം വിട്ട് നൽകാൻ തീരുമാനിക്കുകയും ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തതോടെ സ്വകാര്യ വ്യക്തികളും കെട്ടിടം പൊളിച്ച് റോഡിന് ആവശ്യമായ സ്ഥലം വിട്ട് നൽകാൻ തീരുമാനം കൈക്കൊണ്ടു.