മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

Update: 2020-07-24 13:39 GMT

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി വെള്ളിയാഴ്ച്ച കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 24 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിൽസക്കു ശേഷം ഇതുവരെ 845 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജില്ലയില്‍ രോഗബാധിതരായി 707 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,560 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,078 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

37,554 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 845 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 422 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിൽസ കേന്ദ്രത്തില്‍ 50 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിൽസ കേന്ദ്രത്തില്‍ 62 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 202 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിൽസ കേന്ദ്രത്തില്‍ 105 പേരുമാണ് ചികിൽസയില്‍ കഴിയുന്നത്. 35,298 പേര്‍ വീടുകളിലും 1,411 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

Similar News