മലപ്പുറം ജില്ലയില്‍ 1,451 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഞായറാഴ്ച്ച 1,451 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
രോഗബാധിതരാകുന്നവര്‍ വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികളാണ് നടത്തി വരുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സംരക്ഷണം ഉറപ്പാക്കണം. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ആശ്വാസമായി 1,059 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായി. 25,185 പേര്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികിൽസയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
52,847 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,870 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 507 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,418 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 144 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.