മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു
ഇന്ന് 540 പേര്‍ കൂടി ജില്ലയില്‍ രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,27,249 ആയി.
മലപ്പുറം: കൊവിഡ് വ്യാപനം മലപ്പുറം ജില്ലയില്‍ അതി ശക്തമായി തുടരുന്നു. 2,745 പേര്‍ക്കാണ് ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവര്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.
ഇത്തരത്തില്‍ 2,634 പേര്‍ക്കാണ് ശനിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 86 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 645 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.
അതേസമയം ഇന്ന് 540 പേര്‍ കൂടി ജില്ലയില്‍ രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,27,249 ആയി. ജില്ലയില്‍ നിലവില്‍ 35,871 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19,583 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 390 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 239 പേരും 185 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.