മലപ്പുറം ജില്ലയില്‍ 1,006 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധ സ്ഥിരീകരിച്ചവരില്‍ 952 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 1,006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ 2,226 പേര് രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,99,783 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 952 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 20 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശത്ത് നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 30 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 45,534 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 14,872 പേരാണ് ചികിൽസയിലുള്ളത്.
കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 873 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 236 പേരും 82 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 839 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 997 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.