കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

Update: 2020-06-09 12:55 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ആതവനാട് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി 31 കാരന്‍, ഇയാളുടെ രണ്ട് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ജൂണ്‍ ഒന്നിന് തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിൽസയിലുള്ള ഇവരുടെ ബന്ധുവുമായാണ് ഇരുവര്‍ക്കും സമ്പര്‍ക്കമുണ്ടായത്.

ഇവരെ കൂടാതെ മെയ് 23 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടില്‍ തിരിച്ചെത്തിയ തെന്നല കുന്നല്‍പ്പാറ സ്വദേശി 44 കാരന്‍, ദുബൈയില്‍ നിന്ന് മെയ് 30 ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പോത്തുകല്ല് മുണ്ടേരി സ്വദേശി 28 കാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരെത്തിയ തലക്കാട് വേങ്ങാനൂര്‍ പുല്ലൂര്‍ സ്വദേശി 37 കാരന്‍, ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി 25 വയസുകാരി എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍  വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Similar News